കുടംപുളി
ശാസ്ത്രീയനാമം: Garcinia gummi-gutta
കേരളത്തിൽ വ്യാപകമായി കറികളിൽ പ്രത്യേകിച്ചും മീൻകറിയിൽ ഉപയോഗിക്കുന്ന പുളിരസമുള്ള കുടംപുളി ഉണ്ടാവുന്ന മരമാണ് കുടംപുളി. ഇത് പിണംപുളി, മീൻപുളി, ഗോരക്കപ്പുളി, പിണാർ, പെരുംപുളി, കുടപ്പുളി, മരപ്പുളി,തോട്ടുപുളി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നു. കേരളീയർക്ക് ഒഴിച്ചു കൂടാനാവാത്ത ഒരു വസ്തുകൂടിയാണ് കുടംപുളി, പ്രത്യേകിച്ച് ഒരു പരിപാലനവും നൽകിയില്ലെങ്കിലും വർഷാവർഷം നിറയെ ഫലംതരുന്ന വൃക്ഷമാണിത്. പല പ്രദേശങ്ങളിലും കർഷകർ കുടംപുളി ഒരു പ്രധാന വിളയായി കൃഷി ചെയ്യുവാനും ഇപ്പോൾ നിൽക്കുന്ന മരങ്ങളെ സംരക്ഷിക്കുവാനും തുടങ്ങിയിട്ടുണ്ട്. ഇതിനു കാരണം കുടുംപുളിയിലെ സുപ്രധാന അമ്ലങ്ങളിലൊന്നായ ഹൈഡ്രോക്സിട്രിക് ആസിഡ് ആണ്. ഇവയ്ക്ക് മനുഷ്യശരീരത്തിലെ അമിത വണ്ണം (കൊഴുപ്പ് അകറ്റുവാൻ സാധിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. ഈ കണ്ടു പിടുത്തം കുടംപുളിയെ രാജ്യാന്തര വിപണിയിൽ എത്തിച്ചിട്ടുണ്ട്. കുടംപുളി സംസ്കരിച്ച് തയ്യാറാക്കിയ സത്ത് ഇപ്പോൾ വിദേശ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുമുണ്ട്. ദഹനസംബന്ധ രോഗങ്ങൾക്കുള്ള ഔഷധഗുണം ഇതിനുണ്ട്. കൂടാതെ ചുക്ക്, കുരുമുളക്, കുടംപുളി തുടങ്ങിയവ ഉപയോഗിച്ചു രസമുണ്ടാക്കി കുടിക്കുക, കുടുംപുളി സത്തു വെറുതെ സേവിക്കുക തുടങ്ങിയ നാടൻ രീതികൾ അവലംബിച്ചാൽ ഉദരസംബന്ധമായി പല രോഗങ്ങൾക്കും ശമനമുണ്ടാകുമെന്നു വിശ്വസിക്കപ്പെടുന്നു.
ഈ കാരണങ്ങളാൽ കുടംപുളി വിപണിയിൽ പുരോഗതി കാണുന്നുണ്ട്. സാധാരണയായി കുളങ്ങളുടേയും നീർച്ചാലുകളുടേയും സമീപത്തു നിൽക്കുന്ന കുടംപുളി നല്ല വിളവു തരാറുണ്ട്. . മത്സ്യങ്ങൾ പാകം ചെയ്യുമ്പോൾ ഒഴിവാക്കാനാവാത്ത ഒരു പുളിയിനമാണിത്.
കുടംപുളി കൃഷിരീതി:
തനിവിളയായും ദീർഘകാല ഇടവിളയായി തെങ്ങ്, കമുക് തോട്ടങ്ങളിലും വളർത്താവുന്നതാണ്. ജൂലൈ, ഒക്ടോബർ മാസങ്ങളാണ് കുടംപുളി തൈകൾ നടാൻ പറ്റിയ സമയം. വിത്തു മുളപ്പിച്ചും ബഡ്ഡ് തൈകളും നടുന്നതിനായി ഉപയോഗിക്കാവുന്നതാണ്.
വിത്തു മുളപ്പിച്ചു കുടംപുളി-തൈകൾ നട്ടാൽ 50 – 60 ശതമാനം ആൺമരങ്ങളാകാൻ സാധ്യതയുണ്ട്. പെൺമരങ്ങളായാൽത്തന്നെ കായ്ക്കാൻ 10-12 വർഷം വരെ എടുക്കാം. ഇതൊഴിവാക്കാനായി ഒട്ടുതൈകൾ നടുന്നതാണ് ഉത്തമം. നല്ല ഉയരത്തിൽ വളരുന്ന മരമായതിനാൽ കൊമ്പു കോതൽ അത്യാവശ്യമാണ്. ഒട്ടുതൈകളുടെ വളർച്ച രണ്ടാം വർഷം മുതൽ ദ്രുതഗതിയിലായിരിക്കും.75 സെന്റീമീറ്റർ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴികളിൽ ഒട്ടു തൈകൾ തമ്മിൽ 4 മീറ്റർ അകലത്തിലും വിത്തു തൈകൾ 7 മീറ്റർ അകലത്തിലുമായി ചെമ്മൺ പ്രദേശങ്ങളിലും; എക്കൽ പ്രദേശങ്ങളിൽ 50 സെന്റീമീറ്റർ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴികളിൽ വിത്തു തൈകൾ തമ്മിൽ 7 മീറ്റർ അകലത്തിലും ബഡ്ഡു തൈകൾ 4 മീറ്റർ അകലത്തിലുമാണ് നടുന്നത്.
കുടംപുളിയിൽ നിന്നും 10-12 വർഷത്തിനു ശേഷം വിളവു ലഭിച്ചുതുടങ്ങും. എന്നാൽ ഗ്രാഫ്ട് തൈകളാണു് നട്ടതെങ്കിൽ 3 വർഷം വളർച്ചയാകുന്നതോടെ കായ്ക്കാനാരംഭിക്കും.
പക്ഷെ മികച്ച വിളവു കിട്ടാൻ 12-15 വർഷം വരെ കാത്തിരിക്കണം. ജനുവരി -മാർച്ചു മാസങ്ങളിൽ മരം പൂവിടുന്നു. മെയ് / ജൂൺ മാസത്തോടെ കായ്കൾ വിളഞ്ഞു പാകമായിക്കിട്ടും. എന്നാൽ സീസണല്ലാത്തപ്പോഴും കുടംപുളി കായ്ക്കാറുണ്ടു്. വർഷത്തിൽ ജനുവരി-ജൂലൈ, സെപ്റ്റംബർ-ഫെബ്രുവരി എന്നിങ്ങനെ രണ്ടു വിള വെടുപ്പു സീസണുകളുണ്ട്. വേനൽ സമയമായ ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണു് ഇവ പൂവിടുന്നത് തെക്കു കിഴക്കൻ കാലവർഷത്തിന്റെ വരവോടെ കായ്കൾ പാകമായിത്തുടങ്ങുന്നു. പഴുത്തു പാകമായ ഫലത്തിനു ആകർഷമായ മഞ്ഞയോ, ചെമപ്പു കലർന്ന മഞ്ഞനിറമോ ആയിരിക്കും. 6 മുതൽ 8 വരെ അല്ലികളുള്ള ഈ ഫലത്തിനുള്ളിൽ അത്രയും തന്നെ വിത്തുകളും അതിനെ പൊതിഞ്ഞു മാംസളവും മധുരവുമുള്ള പ്രതിയും (കഴമ്പു) കാണും. പതി ഉപയോഗശൂന്യവും തോട് ഉപയോഗപ്രദവുമാണ്.
കുടംപുളി സംസ്കരണം:
മൂപ്പാകുന്നതോടെ കായ്കൾക്കു നേരിയ മഞ്ഞനിറമാകും, തനിയെ പൊഴിഞ്ഞുവീഴുന്നതു പെറുക്കിയെടുക്കുകയോ, പറിച്ചെടുക്കുകയോ ചെയ്യാം. ശേഖരിച്ച് കായ്കൾ ശുദ്ധജലത്തിൽ കഴുകിയെടുത്തു തോടുകളഞ്ഞു് സംസ്കരിച്ചെടുക്കണം. പുളി പറിച്ചെടുത്തു മുറിച്ചു. അരികളഞ്ഞു ശരിയായി പുകയും വെയിലും കൊള്ളിച്ചു ഉണക്കി പരുവപ്പെടുത്തിയെടുക്കുന്നതിനു പരിചയം. ആവശ്യമാണ് . ഇവ നന്നായി സംസ്കരിച്ചു സൂക്ഷിച്ചാലേ കൂടുതൽ കാലം ഉപയോഗിക്കുവാൻ സാധിക്കുകയുള്ളൂ.
കേരളത്തിലും സമീപ പ്രദേശങ്ങളിലു മുള്ളവർ പ്രധാനമായും മൂന്നു തരത്തിലാണ് കുടം പുളി ഉണക്കിയെടുക്കുന്നത്:- പൂർണ്ണമായും വെയിലത്ത് , പൂർണ്ണമായും പുകയത്ത്, വെയിലത്തും പുകയത്തും മാറി മാറി. നല്ല വെയിലത്ത് ഉണക്കിയതിനു ശേഷം പുക കൊള്ളുന്നിടത്തോ ചൂളകളിലോ വെച്ച് 70-80°C ചൂടിൽ വീണ്ടും ഉണക്കാവുന്നതാണ് .
ഉണക്കിയെടുത്ത കുടമ്പുളിയുടെ സൂക്ഷിപ്പുകാലം, മൃദുത്വം ഇവ വർദ്ധിപ്പിക്കുവാൻ കി.ഗ്രാമിനു് 150 ഗ്രാം ഉപ്പും 50 മി.ലി. വെളിച്ചെണ്ണയും ചേർത്തു സംരക്ഷിക്കാം. ഇങ്ങനെ ഉണക്കിയെടുക്കുന്ന പഴം നല്ലതുപോലെ ഉണങ്ങിക്കഴിയുമ്പോൾ കറുപ്പുനിറത്തിൽ കാണപ്പെടുന്നു.
ഗ്രാഫ്ട് തൈകൾക്കും , സംസ്കരിച്ച നാടൻ കുടംപുള്ളിക്കും ഫാമിയോകാർട്ടുമായി ബന്ധപ്പെടാം