ഔഷധഗുണവും പോഷകവും നിറഞ്ഞ ഒരു ഫലമാണ് നെല്ലിക്ക, ഏതു കാലാവസ്ഥയിലും വളരുന്ന ഇവ പൂഴിമണൽ ഒഴിച്ച് മറ്റെല്ലാത്തരം മണ്ണിലും വളരുന്നു. മിതമായ ചൂടുള്ള കാലാവസ്ഥയിൽ വളരുന്ന ഇവ ഉഷ്ണമേഖലാ കാടുകളിൽ ധാരാളമായി കണ്ടുവരുന്നു. രണ്ടുതരം നെല്ലികള്‍ സാധാരണയായി കണ്ടുവരുന്നുണ്ട്. നാട്ടില്‍ നട്ടുവളര്‍ത്തുന്ന നാട്ടുനെല്ലിയും വനത്തില്‍ വളരുന്ന കാട്ടുനെല്ലിയും. കാട്ടുനെല്ലിക്ക വളരെ ചെറുതായിരിക്കും.
ശാസ്ത്രനാമം ഫൈലാന്തസ് എബ്ലിക്ക എന്നാണ്. ജന്മദേശം ഇന്ത്യയാണെന്ന വാദമുണ്ട്.
ഇനങ്ങൾ
അത്യുത്പാദനശേഷിയുള്ള പലയിനങ്ങളും നമ്മുടെ നാട്ടിൽ നട്ടു വളർത്തുന്നുണ്ടെങ്കിലും അവയിൽ പലതും കായ്ക്കാതെ നശിച്ചുപോകുന്നുണ്ട്. എന്നാൽ അത്യുത്പാദനശേഷിയും രോഗപ്രതിരോധവുമുള്ള ഇനങ്ങളായ എൻ എ സെവൻ, ഫ്രാൻസിസ് , വലിയ ചാമ്പക്കാടൻ, ബനാറസി, കൃഷ്ണ, കാഞ്ചൽ എന്നിവ കേരളത്തിലെ കാലാവസ്ഥയ്ക്കു യോജിച്ചതാണ്. നെല്ലിക്ക എന്നാൽ സംസ്കൃതത്തിൽ ധാത്രി എന്നർത്ഥം. വാതം, പിത്തം, കഫ ദോഷങ്ങളെ ബാലൻസ് ചെയ്തു നിർത്താനുള്ള കഴിവ് നെല്ലിക്കക്കുണ്ട്.
പച്ചനെല്ലിക്കയില്‍ 80 ശതമാനം ജലമാണ്. നെല്ലിക്കയില്‍ ധാരാളം ജീവകങ്ങൾ അടങ്ങിയിരിക്കുന്നു. ഓറഞ്ച് നീരില്‍ ഉള്ളതിനേക്കാള്‍ ഏതാണ്ട് 20 മടങ്ങ് വൈറ്റമിന്‍ സി നെല്ലിക്കാനീരില്‍ അടങ്ങിയിട്ടുണ്ട്. മനുഷ്യശരീരത്തിന് ഏറ്റവും അത്യന്താപേഷിതമായ ഈ വിറ്റാമിന്‍ സി 100 ഗ്രാം നെല്ലിക്കയില്‍ 720 മുതല്‍ 900മില്ലിഗ്രാം വരെ അടങ്ങിയിരിക്കുന്നു ഇതിനു പുറമേ, അയണ്‍,സിങ്ക്, വിറ്റാമിന്‍ ബി എന്നിവയും ഈ കുഞ്ഞു നെല്ലിക്കയെ പോഷക സമൃദ്ധമാക്കുന്നു.
നെല്ലിക്ക ഔഷധ കലവറ
ശരീരധാതുക്കളെ സങ്കോചിപ്പിക്കാനുള്ള കഴിവുള്ള ടാനിന്‍ നെല്ലിക്കയില്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ രക്തസ്രാവം തടയുന്ന ലേപനങ്ങള്‍ നിര്‍മിക്കാന്‍ ഇവയെ ഉപയോഗിക്കുന്നുണ്ട്, കൂടാതെ നെല്ലിക്കയിലെ ഈ ടാനിന്‍ തീപ്പൊള്ളലിനും ഒരു ഔഷധമാണ്. പൊള്ളലേറ്റ ചര്‍മത്തിലെ മാംസത്തെ അഴുകാത്തതും കട്ടിയുള്ളതുമാക്കി ടാനിന്‍ മാറ്റുന്നതിനാല്‍ ചര്‍മത്തിനടിയിലായി പുതിയ ശരീരകലകള്‍ പെട്ടെന്നു വളരും, , ഇത്തരത്തിലുള്ള ടാനിന്‍ അന്തരീഷത്തിലെ വിവിധ ധാതു ഘടകങ്ങളുമായി ചേരുമ്പോള്‍ പിങ്ക് കലര്‍ന്ന നീല നിറത്തിലേയ്ക്ക് മാറുന്നതാണ് നെല്ലിക്കയുടെ നിറം മാറ്റത്തിന് കാരണം.
നെല്ലിക്കയില്‍ ടാനിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ നെല്ലിക്ക വേവിച്ചാലോ ഉണങ്ങിയാലോ അതിലുള്ള ജീവകങ്ങള്‍ ഒരിക്കലും നഷ്ടപ്പെടുന്നില്ല.
രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നതിലുടെ നെല്ലിക്ക നമ്മുടെ ഹൃദയത്തെയും സംരക്ഷിക്കുന്നു എന്നത് രക്ത സമ്മര്‍ദ്ദമുള്ളവരെ സംബന്ധിച്ചിടത്തോളം നല്ല വാര്‍ത്തയാണ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടാതിരിക്കാന്‍ നെല്ലിക്കയിലെ വിവിധ കാര്‍ബോളിക്ക് അമ്ലങ്ങള്‍ നമ്മളെ സഹായിക്കുന്നുണ്ട്. ഇന്‍സുലിന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമാണ് നെല്ലിക്കയുടെ പ്രമേഹത്തെ പ്രതിരോധിക്കാനായിട്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍. നെല്ലിക്കാനീര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറക്കുന്നു.
നെല്ലിക്കാനീരും മഞ്ഞള്‍പ്പൊടിയും സമം ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുന്നത് പ്രമേഹശമനത്തിനു നല്ലതാണ്, വെറുംവയറ്റില്‍ നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് ഇക്കാര്യത്തിന് വളരെ ഫലപ്രദമാണ്, ദാമ്പത്യ ജീവിത്തില്‍ ബീജങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ നെല്ലിക്കയിലെ ഇരുമ്പ് വളരെയേറെ സഹായിക്കുന്നുണ്ട്. ശരീരത്തിന് ഹാനികരമായ രാസവസ്തുക്കളെ തടയുന്നതിലൂടെ. ഒരു സെല്ലില്‍ നിന്നും ക്യാന്‍സര്‍ അടുത്ത സെല്ലിലേയ്ക്ക് പടരുന്നത് തടയാനും നെല്ലിക്ക സഹായിക്കുന്നു. കുടാതെ നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന പോളിഫീനോള്‍ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ സഹായിക്കുന്നുമുണ്ട്,
നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ഫൈബറിൻ്റെയും വിവിധ കാര്‍ബോളിക് അമ്ലങ്ങളുടെയും വെള്ളത്തിൻ്റെയും സത്തുക്കള്‍ ദഹന പ്രക്രിയയിലുണ്ടാകുന്ന പ്രശ്നങ്ങളെയും ആമാശയസംബന്ധമായ അസുഖങ്ങളെയും എപ്പോഴും പ്രതിരോധിക്കുന്നു. നിത്യേന ഒരു സ്പൂണ്‍ നെല്ലിക്കാ നീര് കഴിക്കുന്നത് വയറ്റിലുണ്ടാകുന്ന അസഡിറ്റിയും വയറ്റിലെ അസ്വസ്ഥതകളെയും ഒഴിവാക്കാന്‍ പര്യാപ്തമാണ്.
ഇഞ്ചിയും നെല്ലിക്കയും ചേര്‍ന്ന മിശ്രിതം പണ്ട് മുതല്‍ ജലദോഷത്തെ പ്രതിരോധിക്കാന്‍ നിലനില്‍ക്കുന്ന ഏറ്റവും നല്ല മരുന്നു കൂട്ടുകളില്‍ ഒന്നാണ്.
ആല്‍ക്കഹോളിൻ്റെയും രാസവസ്തുക്കളുടെയും ഉപയോഗത്തിലൂടെ കരളിനുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ഒരു പരിധി വരെയെങ്കിലും തടയാനും നെല്ലിക്ക ഉപയോഗപ്രദമാണ്.
ഓര്‍മശക്തി കൂട്ടുന്നതിനു വളരെ നല്ലതാണ് നെല്ലിക്ക. ഓര്‍മശക്തി നശിക്കുന്ന അള്‍ഷിമേര്‍സ് രോഗം ബാധിച്ചവര്‍ക്ക് നെല്ലിക്ക ഉപയോഗിക്കുന്നത് ആശ്വാസകരമാണ്. മലബന്ധം ഒഴിവാക്കുന്നതിനും നല്ല ശോധനക്കും ഉത്തമമാണ് നെല്ലിക്ക. നേത്രസംരക്ഷണത്തിലും നെല്ലിക്കയുടെ പങ്കു വളരെ വലുതാണ്. പ്രമേഹം മൂലമുണ്ടാകുന്ന തിമിരത്തെ ഒരുപരിധിവരെ തടഞ്ഞുനിര്‍ത്തുന്നതിന് നെല്ലിക്കയുടെ ഉപയോഗം സഹായിക്കും. ചര്‍മസംരക്ഷണത്തിന് നെല്ലിക്കയുടെ ഉപയോഗം വളരെ ഗുണം ചെയ്യും. നെല്ലിക്കയി ല്‍ജീവകം സി ധാരാളം ഉള്ളത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. കൂടാതെ ചര്‍മത്തെ എപ്പോഴും നനവുറ്റതാക്കിയും മാറ്റുന്നു.
കേശസംരക്ഷണത്തിനും നെല്ലിക്ക ഉത്തമമാണ്. നെല്ലിക്കയുടെ ഉപയോഗം ധാരാളം കാത്സ്യത്തെ ആഗീകരിക്കുന്നതിനാല്‍ മുടി നല്ല നിറമുള്ളതാകുന്നു. ഒപ്പം, അകാലത്തിലെ നരയേയും അകറ്റുന്നു. മുടിയുടെ ഉത്ഭവസ്ഥാനത്ത് (hair follicles) ശക്തി നല്‍കി മുടിക്ക് കനവും അഴകുള്ളതുമാക്കുന്നു. നെല്ലിക്ക അരച്ച് തലയോട്ടിയില്‍ പുരട്ടുന്നത് മുടി നല്ല രീതിയില്‍ വളരുന്നതിനും നരയ്ക്കുന്നത് തടയാനും സാധിക്കുന്നു. നെല്ലിക്ക ചേര്‍ന്ന ധാരാളം കേശസംരക്ഷക ഷാമ്പൂവും എണ്ണയും വിപണിയില്‍ ലഭ്യമാണ്.
നെല്ലിക്കയുടെ നിരോക്സീകരണ ശക്തി രക്തത്തിലെ സ്വതന്ത്രമായ മൂലധാതുക്കളെ നീക്കം ചെയ്യുന്നു. നെല്ലിക്കയുടെ ഉപയോഗം ത്വക്കിലെ കൊല്ലാജെന്‍ എന്ന പ്രോട്ടീന്റെ ഉത്പാദനം കൂട്ടുകയും ഇവയുടെ നാശത്തിനു തടയിടുകയും ചെയ്യുന്നു. കൊല്ലാജെനാണ് ത്വക്കിന് അയവും ശക്തിയും നല്‍കി യുവത്വം നിലനിര്‍ത്തുന്നത്.
നിത്യ യൌവ്വനം നിലനിര്‍ത്താന്‍ സഹായിക്കുന്ന വിറ്റാമിന്‍ എ നെല്ലിക്കയില്‍ സമ്പുഷ്ടമാണ്.
നെല്ലി കൃഷിരീതി
വരണ്ട കാലാവസ്ഥയിലും, വെള്ളം കെട്ടി നിൽക്കുന്ന ചതുപ്പു പ്രദേശങ്ങളിലും ഫലപുഷ്ടി കുറഞ്ഞ മണ്ണിലും നെല്ലി നന്നായി വളരും. വിത്തു പാകി തൈകളായി നടുമ്പോൾ കായ്ക്കുവാൻ 6-7 വർഷം വേണ്ടിവരും. എന്നാൽ ഒട്ടിച്ചെടുക്കുന്ന തൈകൾ വേഗം കായ്ക്കാറുണ്ട്.. പാകാനുള്ള കുരു സൾഫ്യൂരിക് ആസിഡിലിട്ട് 3 മണിക്കൂർ കുതിർക്കണം. കുതിർത്ത വിത്തുകൾ പോളിബാഗുകളിൽ പ്ലോട്ടിങ്ങു് മിശ്രിതം നിറച്ചു പാകി കിളിർപ്പിക്കണം. തൈകൾക്ക് പെൻസിൽ വണ്ണമാകുമ്പോൾ അതുല്പാദനശേഷിയുള്ള മറ്റിനങ്ങളുടെ കമ്പുമായി ഒട്ടിച്ചെടുക്കാം. വീട്ടുമുറ്റത്ത് വർഷങ്ങളായി കായ്ക്കാതെ നിൽക്കുന്ന നെല്ലിയിലും ഇതുപോലെ മികച്ചയിനങ്ങളുടെ കമ്പുകൾ ഒട്ടിച്ചെടുത്തു ഉത്പാദനം നടത്താം. പഴയ മരങ്ങൾ ഒട്ടിച്ചെടുത്താൽ ഒന്നാം വർഷം തന്നെ പൂവിടും. എന്നാൽ ഈ പൂവുകൾ അടർത്തിക്കളഞ്ഞാൽ രണ്ടാം വർഷം മികച്ച വിളവു ലഭിക്കും.
ജൈവസമ്യദ്ധിയുള്ള മണ്ണിലാണ് നെല്ലി വളരുന്നതെങ്കിൽ പ്രത്യേക വളപ്രയോഗത്തിൻ്റെ ആവശ്യ മില്ല. എന്നാൽ വളക്കൂറില്ലാത്ത ഭൂമിയിൽ വർഷത്തിൽ രണ്ടു തവണ മഴയ്ക്കുമുമ്പേയും മഴയ്ക്കു ശേഷവും വളം ചെയ്യണം. അതിനായി 25 കി.ഗ്രാം കാലിവളം, അര കി.ഗ്രാം വേപ്പിൻ പിണ്ണാക്ക്, 200 ഗ്രാം യൂറിയ, 150 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 300 ഗ്രാം പൊട്ടാഷ് എന്നിവ വർഷത്തിൽ ഇട്ടുകൊടുക്കണം. അത്യുത്പാദനശേഷിയുള്ള ഇനങ്ങളിൽ നിന്നും രണ്ടാം വർഷം മുതൽ വിളവെടുക്കാം. അഞ്ചാം വർഷം മുതൽ നെല്ലി മികച്ച വിളവു നൽകും. നെല്ലിയുടെ പ്രധാന ശത്രു തണ്ടുതുരപ്പൻ പുഴുവാണു്. വേപ്പിൻ പിണ്ണാക്ക് ചെടിയുടെ ചുവട്ടിൽ ഇട്ടുകൊടുത്തു് ഇവയുടെ ശല്യം കുറ യ്ക്കാവുന്നതാണ്.
വളർച്ചയെത്തിയ നെല്ലിയിൽ നിന്നുമുള്ള ഒരു കായ്ക്ക് ഏകദേശം 30 ഗ്രാം തൂക്കം വരും. 30-40 കായ്കൾക്കു് ഒരു കി.ഗ്രാം ഭാരമുണ്ടാകും. കായ്കൾ കേടുകൂടാതെ 8-10 ദിവസം സൂക്ഷിക്കുവാനും സാധിക്കും.
ശീമനെല്ലി (Bilimbi): അരിനെല്ലിക്ക, ചതുരനെല്ലിക്ക, ഓർക്കാപ്പുളി
നെല്ലിയുടെ കുടുംബത്തിൽപ്പെട്ട മറ്റൊരു പഴ വർഗ്ഗമാണ് ശീമനെല്ലി. ദക്ഷിണേന്ത്യൻ പ്രദേശത്തേക്കു യോജിച്ച് ഈയിനത്തിനു് നെല്ലിക്കയേക്കാൾ ചെറിയ പുളിയുള്ള കായ്കളാണു്. കായ്കൾ ഉപ്പി ലിടാനും ചട്ണിയുണ്ടാക്കുവാനും ഉപയോഗിക്കുന്നു. തടിയുടെ തൊലി ടാനിൻ വ്യവസായത്തിനുപയോഗി ക്കുന്നു. അലങ്കാരച്ചെടിയായും വളർത്താവുന്ന ഇവയുടെ കായ്കൾക്ക് പഴുത്തു കഴിയുമ്പോൾ പുളികലർന്ന മധുരമായിരിക്കും.
അരിനെല്ലിക്ക കല്ലുപ്പ് ചേർത്ത് നന്നായി തിരുമ്മി രണ്ട് മണിക്കൂർ വെറുതെ വെക്കുകയോ വെയിലത്തിടുകയോ ചെയ്ത് കഴിച്ചു നോക്കൂ.സ്പെഷ്യൽ ടേസ്റ്റ് ആണ്
കാട്ടുനെല്ലിക്ക ഔഷധഗുണം കൂടിയതാണ്. ആയുർവേദ മരുന്ന് നിർമാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നു . ച്യവന പ്രാശ അറിയാത്തതും കഴിക്കാത്തവരും കുറവാണ്. ച്യവന മഹർഷിയുടെ വാർദ്ധക്യം അകറ്റിയത് നെല്ലിക്ക ആണെന്ന് പറയപ്പെടുന്നു .
------------------------------------
ബൃഹത് ത്രിഫലാ ചൂർണ്ണം.
വേണ്ട മരുന്നുകൾ
- ഉണക്ക കാട്ട് നെല്ലിക്ക 50ഗ്രാം
- താന്നിക്ക 50ഗ്രാം
- കടുക്ക 50ഗ്രാം
- ഇരട്ടി മധുരം 50ഗ്രാം
- സന്നാമക്കി ഇല 100ഗ്രാം
നിർമാണം
മേല്പറഞ്ഞ ഔഷധങ്ങൾ നന്നായി കഴുകിഉണക്കി ശീലപൊടിയായി പൊടിക്കുക.
ഗുണങ്ങൾ
1)മലബന്ധം ഒഴിവാക്കി നല്ല ശോധന പ്രധാനം ചെയ്യുന്നു.
2)അമിത വണ്ണം കുറക്കുന്നു.
3)പ്രമേഹം നിയന്ത്രണവിധേയമാക്കുന്നു.
4)സന്ധി വേദന ഒരു പരിഹാരമാണ്.
5)മുഖക്കുരു , മുടി കൊഴിച്ചില്‍ എന്നിവക്ക് നല്ല ശമനം നൽകുന്നു.
6)ക്യാന്‍സര്‍ വരുന്നത് തടയുന്നു.
7)കാഴ്ച ശക്തി വർധിപ്പിക്കുന്നു.
8)രക്തപ്രവാഹം നല്ല രീതിയിൽ ആക്കുന്നു.
9)രക്ത സമ്മർദ്ദം നിയന്ത്രിക്കുന്നു.
10)നല്ലൊരു ആന്റി ബയോട്ടിക്കാണ്.
------------------------------------
നെല്ലിക്ക വരട്ടിയത്. ( ലേഹ്യം )
നെല്ലിക്ക എടുക്കുന്നത് അനുസരിച്ചു മറ്റു അളവുകൾ മാറ്റം വരുത്താം.
വേണ്ട ചേരുവകൾ
നെല്ലിക്ക-12-15
ശർക്കര-ഒന്നര കപ്പ് (250gm)
നെയ്യ്-2-3സ്പൂൺ
ഏലക്കായ-5
തയ്യാറാക്കുന്ന വിധം :
ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി നെല്ലിക്ക വേവിക്കുക. കളർ മാറി നെല്ലിക്ക കുരു വിട്ടുവരുന്ന പാകമാവുന്നതുവരെ.(കുക്കറിലും വേവിക്കാം.നെല്ലിക്ക കഷ്ണം ആക്കി മിക്സിയുടെ ജാറിൽ ഇട്ട് ശർക്കര ഏലക്കായ എന്നിവ ചേർത്ത് അരയ്ക്കുക.
ഒരു പാൻ ചൂടാക്കി അരച്ചത് ഒഴിച്ച് കുറച്ച് കുറച്ച് ആയി നെയ്യ് ചേർത്ത് കുറുക്കി വൃത്തിയുള്ള കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.
------------------------------------
നെല്ലിക്ക അച്ചാർ
ആവശ്യമായ സാധനങ്ങൾ.
- നെല്ലിക്ക 30
- നല്ലെണ്ണ കാൽ കപ്പ്
- കടുക് അര ടേബിൾസ്പൂൺ
- മുളക് 3
- കറിവേപ്പില ആവശ്യത്തിന്
- വെളുത്തുള്ളി ഏഴ് അല്ലി
- മഞ്ഞൾപ്പൊടി അര ടീസ്പൂൺ
- ഉലുവപ്പൊടി അര ടീസ്പൂൺ
- കായപ്പൊടി അര ടീസ്പൂൺ
- മുളകുപൊടി 4 ടേബിൾസ്പൂൺ
- ഉപ്പ് ആവിശ്യത്തിന്
- വെള്ളം
- വിനാഗിരി കാൽ കപ്പ്
ആദ്യം തന്നെ നെല്ലിക്ക വൃത്തിയായി കഴുകി ആവി കയറ്റി എടുക്കുക.( ഒരു ഇഡ്ഡലിത്തട്ടിൽ അല്ലെങ്കിൽ സ്റ്റീമറിലോ വെച്ച് 10 മിനിറ്റ് ആവി കേറ്റി എടുത്താൽ മതി). ആവി കയറ്റിയ നെല്ലിക്ക ചൂടാറി കഴിഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക.
ഒരു പാൻ ചൂടാക്കി അതിലേക്ക് നല്ലെണ്ണ ഒഴിച്ചുകൊടുക്കുക.
എണ്ണ ചൂടാകുമ്പോൾ കടുകും മുളകും കറിവേപ്പിലയും ഇട്ട് മൂക്കുമ്പോൾ വെളുത്തുള്ളി അല്ലി നീളത്തിൽ അരിഞ്ഞത് ഇട്ട് മൂപ്പിക്കുക.
തീ നന്നായി കുറച്ചു വെച്ചിട്ട് അതിലേക്ക് മഞ്ഞൾപൊടി ഉലുവാപ്പൊടി കായപ്പൊടി എന്നിവ ചേർത്ത് മൂത്ത് കഴിഞ്ഞാൽ മുളകുപൊടി ഇട്ടു കൊടുക്കുക.
മുളകുപൊടി കരിയാതെ ഒന്നു മൂത്തു വരുമ്പോൾ അതിലേക്ക് ആവശ്യത്തിനു ഉപ്പും വിനാഗിരി ഒഴിച്ചു കൊടുക്കുക. എന്നിട്ട് അരിഞ്ഞുവച്ചിരിക്കുന്ന നെല്ലിക്കയും കൂടി ചേർത്ത് നന്നായി ഇളക്കി ഓഫ് ചെയ്യാവുന്നതാണ്.
------------------------------------
നെല്ലിക്ക സംഭാരം എങ്ങനെ തയാറാക്കമെന്നു നോക്കാം.
ചേരുവകൾ.
നെല്ലിക്ക ,കറിവേപ്പില, ഇഞ്ചി, ചുവന്നുള്ളി, തണുത്ത വെള്ളം, ഉപ്പ്, മോര് പച്ചമുളക് .
1. നെല്ലിക്ക, ഇഞ്ചി, ചുവന്നുള്ളി, കറിവേപ്പില എന്നിവ ചെറിയ കഷ്ണങ്ങളാക്കുക.
2. നന്നായി മിക്സിയിൽ അടിച്ചെടുക്കുക.
3. മോരും ഉപ്പും ആവശൃത്തിന് വെള്ളവും കൂടി ചേർത്ത് യോജിപ്പിക്കുക.
------------------------------------
തേൻ നെല്ലിക്ക
ചേരുവകൾ
- നെല്ലിക്ക - 250 ഗ്രാം
- തേൻ - 2 ടേബിൾ സ്പൂൺ
- ശർക്കര - 250 ഗ്രാം
- കറുവാപ്പട്ട -1 കഷണം
- ഏലയ്ക്കായ - 1
- കുരുമുളക് - 10 എണ്ണം
- കരയാമ്പൂ - 2
- ഉപ്പ് - 1 നുള്ള്
തയാറാക്കുന്ന വിധം
നെല്ലിക്ക നന്നായി കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് ഇട്ട് നല്ല ചൂടുവെള്ളം ഒഴിക്കുക. അഞ്ചുമിനിറ്റ് മാറ്റിവയ്ക്കുക. ശർക്കര ഒരു കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചു വയ്ക്കുക. നെല്ലിക്ക വെള്ളത്തിൽ നിന്ന് മാറ്റി നന്നായി തുടച്ചെടുക്കുക. നെല്ലിക്കാ ഒരു ഫോർക്കോ കത്തിയുടെ തുമ്പോ ഉപയോഗിച്ച് എല്ലാഭാഗത്തും കുത്തുക. ഇത് ഒരു പാനിൽ അടുപ്പത്തുവെച്ച് ശർക്കരപ്പാനി ഒഴിക്കുക. മസാലകൾ എല്ലാം ചതച്ചെടുത്ത് അതിൽ ഇടുക. മീഡിയം തീയിൽ നന്നായി തിളപ്പിക്കുക. നെല്ലിക്കയിൽ നിന്ന് വെള്ളം ഇറങ്ങുന്നത് കാണാം .ഒരു മൂടി കൊണ്ട് പാത്രം മൂടിവയ്ക്കുക .ഇടക്കിടെ തുറന്നു ഇളക്കിക്കൊണ്ടിരിക്കണം. ഏകദേശം 45 മിനിറ്റ് വേവിക്കണം. നൂൽ പരുവം ആകുന്നതിനു മുൻപ് തീ ഓഫ് ചെയ്യാം. പകുതി ചൂടാറുമ്പോൾ ഒരു കുപ്പിയിലേക്ക് മാറ്റുക. രണ്ട് ടേബിൾസ്പൂൺ തേൻ ഒഴിച്ച് നന്നായി യോജിപ്പിക്കുക .മുഴുവൻ ചൂടാറിയാൽ കുപ്പി അടച്ചു വയ്ക്കാം .വേണമെങ്കിൽ ഉടനെ തന്നെ കഴിച്ചു തുടങ്ങാം .പത്തു ദിവസത്തോളം ചെറുതായി കുപ്പി ഇളക്കിക്കൊടുക്കുക .പുറത്തുതന്നെ സൂക്ഷിക്കാം.
"ആദ്യം കയ്ക്കും പിന്നെ മധുരിക്കും"
എന്ന പഴം ചൊല്ല് മുതിര്‍ന്നവരുടെ വാക്കിൻ്റെ ഗൌരവം ആണ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്, ബുദ്ധിയുള്ളവര്‍ ആ വാക്കുകളെ ഒരിക്കലും അവഗണിക്കില്ല, അതുപോലെ ആദ്യം കൈയ്ക്കുകയും പിന്നീട് മധുരിക്കുകയും ചെയ്തുകൊണ്ട് നമ്മുടെ ജീവിതത്തെ പരിപോഷിപ്പിക്കുന്ന നെല്ലി എന്ന ഈ ദിവ്യ ഔഷധമരത്തെ സംരക്ഷിക്കുക.
കൂടുതൽ കൃഷിവിവരങ്ങൾ അറിയാൻ ഫാമിയോക്കാർഡ് ഫേസ്ബുക്ക് പേജിൽ അംഗമാകുക
Famiyocart Facebook Page Link