പോളിനേഷൻ ദ്വീപിൽ ജന്മംകൊണ്ട ശീമപ്ലാവു മലേഷ്യ വഴിയാണ് ഇന്ത്യയിലെത്തിയതെന്നു കരുതപ്പെടുന്നു. അധികം ശുശ്രൂഷ കൂടാതെ നല്ലതുപോലെ കായ്ക്കുന്ന വൃക്ഷമാണ് കടപ്ലാവ്, ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ഇവയ്ക്ക് കേരളത്തിലെ കാലാവസ്ഥ വളരെ യോജിച്ചതാണ്. നീർവാർച്ചയുള്ള ചെമ്മണ്ണാണ് ഏറ്റവും അനുയോജ്യം.
ശാസ്ത്രനാമം ആർട്ടോ കാർപസു് അൽറ്റിലിസ്, കുടുംബം: മോറാസ്.
ശീമപ്ലാവിൻ്റെ ഇലകൾ വലിപ്പമേറിയതും കട്ടികൂടിയതുമാണ്. ഈ വൃക്ഷത്തിൻ്റെ എല്ലാ ഭാഗങ്ങളും പാൽ നിറത്തിലുള്ള കറ പുറപ്പെടുവിക്കുന്നു. പതിമൂന്ന് മീറ്റർ വരെ ഉയരത്തിൽ വളരുന്ന കടപ്ലാവ് ഒരു നാട്ടുമരമാണ്. ശീമപ്ലാവ്, ബിലാത്തി പ്ലാവ് എന്നിങ്ങനെയും ഈ വൃക്ഷത്തിന് പേരുണ്ട്. ഇലകൾക്ക് പരമാവധി 55 സെന്റിമീറ്റർ വരെ നീളവും 35 സെന്റിമീറ്റർ വരെ വീതിയും ഉണ്ടാകും. കടും പച്ചനിറത്തിലുള്ള ഇലയുടെ ഇരുവശവും വാലുപോലെ പലതായി വിഭജിച്ചിരിക്കുന്നു.
നമ്മുടെ നാട്ടിൽ പച്ചക്കറിയായും അച്ചാറിടുന്നതിനും ഈ ചക്ക ഉപയോഗിക്കാറുണ്ട് .
കൃഷി രീതി
വന്യമായ ഇനങ്ങളിൽ കായ്ക്കുള്ളിൽ വിത്ത് ലഭ്യമാണ്. എന്നാൽ കൃഷിക്കായി വളർത്തുന്ന ഇനങ്ങളിൽ വിത്ത് ഉണ്ടാകാറില്ല. അതിനാൽ മറ്റ് പ്രത്യുല്പാദന മാർഗ്ഗങ്ങളിലൂടെയാണ് ഈ സസ്യം പരിപാലിക്കപ്പെടുന്നത്. കടപ്ലാവിൻ്റെ മൂത്ത വേരുകൾ മുറി ച്ചെടുത്തു കിളിർപ്പിച്ചും ചെറു ശിഖരങ്ങളിൽ പതിവച്ചും വംശവർദ്ധന നടത്താവുന്നതാണ്. മരത്തിൻ്റെ സമീപത്തുള്ള ചെറിയ വേരുകൾ മുറിച്ച് മണൽ, മണ്ണ്, ചാണകപ്പൊടി കലർത്തിയ മിശ്രിതങ്ങളിൽ വച്ച് ക്രമമായും മിതമായും നനച്ച് പുതിയ തൈകൾ കിളീർപ്പിക്കാവുന്നതാണ്. നഴ്സറികൾ നിന്നുള്ള തൈകൾ നടുന്നതിനായി ഉപയോഗിക്കാം. വേരുകൾക്ക് ഒരിഞ്ചു മദ്ധ്യവിസ്താരവും ഒരടി നീളവും വേണം. ആഴമില്ലാത്ത ചാലുകളിൽ ആറ്റുമണൽ നിറച്ചു വേരുകൾ നടണം. നിത്യവും ജലസേചനം നടത്തിയാൽ ധാരാളം മുകുളങ്ങൾ ഉണ്ടാകും. ഇവയ്ക്ക് ഒരടി ഉയരമായാൽ തൈകൾ പ്രധാന കൃഷിസ്ഥലത്തേക്കു പറിച്ചുനടാം.
കടപ്ലാവു നടാനുള്ള കുഴിക്ക് മൂന്നടി സമചതുരവും അത്രതന്നെ ആഴവും വേണം. കുഴിയെടുക്കുമ്പോൾ മേൽമണ്ണ് പ്രത്യേകം മാറ്റിവയ്ക്കുക. തൈനട്ട് പുതുമഴയോടെ കാലിവളവും മേൽമണ്ണും കൊണ്ടു കുഴി നിറച്ചശേഷം അതിനു നടുവിൽ തൈ നടുക. തൈകൾക്ക് തണൽ നാട്ടുകയും മഴ ലഭിക്കുന്നതുവരെ നനയ്ക്കുകയും വേണം.
വിളപരിപാലനം / വിളവ്
4-5 വർഷം കഴിയുമ്പോൾ കടപ്ലാവ് കായ്ച്ചുതുടങ്ങും. ഇതിലെ ആൺപൂവും പെൺപൂവും വെവ്വേറെയാണ് ഉണ്ടാകുന്നത്. ആൺപൂവ് എല്ലാസമയത്തും ഉണ്ടാകും. പെൺപൂവ് വർഷത്തിൽ 3 തവണയാണ് വിരിയുന്നത് . സെപ്റ്റംബർ-ഒക്ടോബർ, ജനുവരി-ഫെബ്രുവരി, ഏപ്രിൽ-മേയ് എന്നീ മാസങ്ങളിലാണ് ചക്ക പാകമാകുന്നത്.
കൃഷിക്കാർ സാധരണ നേരിടുന്ന ബുദ്ധിമുട്ടാണ് കായപൊഴിയുന്നത്. ഇതിനുകാരണം മണ്ണിൽ ഈർപ്പം കുറയുമ്പോഴും വളം തികയാതെ വരുമ്പോഴും ചക്കകൾ ധാരാളം കൊഴിഞ്ഞുപോകാറുണ്ട് .
ഹോർമോൺ പ്രയോഗം കൊണ്ടും കൃത്രിമ പരാഗണംകൊണ്ടും കരീബിയൻ ദ്വീപുകളിൽ ചക്കകൊഴിച്ചിൽ ഒഴിവാക്കുന്നുണ്ടങ്കിലും നമ്മുടെ നാട്ടിൽ ഇതേപ്പറ്റി ഗവേഷണങ്ങൾ നടക്കുന്നതായി അറിവില്ല. മറ്റു രോഗങ്ങളൊന്നും തന്നെ കടപ്ലാവിനെ ആക്രമിക്കാറില്ല.
കൊളസ്ട്രോളിനെതിരെയുള്ള നല്ല ഭക്ഷണ വിഭവം കൂടിയാണിത്. കായയിൽ അന്നജമാണ് പ്രധാനഘടകം. വിറ്റാമിൻ A-യും C-യും ഉണ്ട്. ശീമച്ചക്കയിൽ വലിയൊരംശം സസ്യനൂറാണ്. അതുകൊണ്ടാണു് റൊട്ടിയോടുതുല്യം എന്ന അർത്ഥത്തിൽ ഇതിനെ "ബഡ് ഫ്രൂട്ട്' എന്നു വിളിച്ചുവരുന്നത്. കോളനിവാഴ്ച കാലത് അടിമകൾക്കു ഭക്ഷണത്തിനായി ശീമച്ചക്ക ഉപയോഗിച്ചിരുന്നു. കേരളത്തിനു പുറത്തുപ്രത്യേകിച്ചു മഹാരാഷ്ട്രയിൽ ഇതിനു മികച്ച വിപണിയുണ്ട്
രുചിഭേദങ്ങളുടെ കലവറയായ കടച്ചക്ക വറുത്തരച്ച മസാല കറിക്കും, ഇഷ്ടുവിനും, ചിപ്‌സും, അപ്പവും തുടങ്ങി വിവിധ തരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കുന്നതിന് ശീമച്ചക്ക ഉപയോഗിക്കുന്നു.
ശീമച്ചക്ക ഉലർത്തിയത്
ശീമച്ചക്ക തൊലിയും കുഞ്ഞും കളഞ്ഞു ഒരിഞ്ചു ചതുരക്കഷണങ്ങളാക്കിയത് അര കി.ഗ്രാം, ഒരു കപ്പ് വെളളം, രണ്ടു ഡിസേർട്ട് സ്പൂൺ ഇറച്ചി മസാലപ്പൊടി, കാൽ കപ്പ് പാചക എണ്ണ, ഒരു ടീസ്പൂൺ കടുക്, അര കപ്പു കൊത്തിയരിഞ്ഞ സവാള, രണ്ടു കതിർപ്പ് കറിവേപ്പില, ഉപ്പു പൊടി പാകത്തിനു് എന്നിവ തയ്യാറാക്കുക. ഇറച്ചി മസാല പ്പൊടി രണ്ടു ഡിസേർട്ട് സ്പൂൺ വെളളത്തിൽ കുഴ ച്ചുവയ്ക്കുക. വെള്ളം വെട്ടിത്തിളയ്ക്കുമ്പോൾ ശ്രീമ ചക്കയിട്ടു്, ഉപ്പും ചേർത്തു വേവിച്ചു വെള്ളം തോർത്തി യെടുക്കുക. ചൂടായ എണ്ണയിൽ കടുകിട്ടു പൊട്ടിയാലുടൻ സവാളയും കറിവേപ്പിലയും മൂപ്പിക്കുക. കുഴച്ചുവെച്ചിരിക്കുന്ന ഇറച്ചി മസാലപ്പൊടിയും ചേർത്തു വഴന്നാലുടൻ വേവിച്ച ശീമച്ചക്ക് കുഴയാതെ മൊരിച്ചു ചൂടോടെ ഉപയോഗിക്കുക.
കടച്ചക്ക പൊരിച്ചത്ത്
- ഒരു കടച്ചക്കയുടെ പകുതി
- പച്ചരി അര കപ്പ്
- ഉഴുന്നു പരിപ്പ് 1 ടേബിൾ സ്‌പൂൺ
- കുരുമുളക് പൊടി ആവശ്യത്തിന്
- മഞ്ഞപ്പൊടി ആവശ്യത്തിന്
- ഉപ്പ് ആവശ്യത്തിന്
- ഓയിൽ ആവശ്യത്തിന്
കടച്ചക്ക പൊരിച്ചത്തു തയാറാകുന്നവിധം
അര കപ്പ് പച്ചരിയും ഉഴുന്നും 4 മണിക്കൂർ കുതിർത്തു ദോശമാവിൻ്റെ പരുവത്തിൽ അരച്ച് എടുക്കുക .അരച്ച് എടുത്ത മാവിലേക്ക് ആവശ്യത്തിന് കുരുമുളക് പൊടി മഞ്ഞപൊടി , ഉപ്പ് ചേർത്ത് ഇളക്കി യോജിപ്പിച്ചു യോജിപ്പിച്ചു കടച്ചക്ക നീളത്തിൽ അരിഞ്ഞ് എടുത്ത് മാവിൽ മുക്കി ചൂടായ ഓയിലിൽ ഇട്ടു രണ്ട് വശവും ഗോൾഡൻ ബ്രൗൺ കളർ ആവുബോൾ കോരിയെടുത്തു ഉപയോഗികാം.
അതീവ രുചികരമായ ശീമച്ചക്ക ഇഷ്ടമല്ലാത്ത മലയാളികൾ കുറവാണ്. മരത്തിൻ്റെ ശാഖകൾക്കു ബലം കുറവാണ്. അന്ധവിശ്വാസങ്ങളുടെ പേരിൽ ചിലർ വീട്ടുവളപ്പിൽ കൃഷിചെയ്യാത്തതു മലയാളികൾക്ക് തന്നെ നാണക്കേടാണ് എന്ന് ഈ അവസരത്തിൽ പറയുന്നു. സത്യത്തിൽ കടച്ചക്ക മാര്‍ക്കറ്റില്‍ വിലപിടിപ്പുള്ള ഒന്നാണ്. ആരോഗ്യത്തിനും സമ്പത്തിനും കാരണമാകുന്ന ഈ മരം സ്ഥാലസൗകര്യമുള്ള വീടിന് ഐശ്വര്യം തന്നെയാണ്.
shanil cheruthazham