AGRI NEWS AND TIPS

Share

ആരോഗ്യത്തിനും മാനസിക ഉല്ലാസത്തിനുമായി അടുക്കളത്തോട്ടം നിർമ്മിക്കാം

അടുക്കളത്തോട്ടത്തിൻ്റെ  ആവശ്യകത :-

കേരളത്തിൽ ആവശ്യമുള്ള ഭക്ഷ്യവസ്തുക്കളിൽ മിക്കവയും ഇപ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുകയാണ്.  മറ്റു സംസ്ഥാനങ്ങളേക്കാൾ നല്ല കാലാവസ്ഥയും മറ്റു സൗകര്യങ്ങളും ഉണ്ടായിട്ടും പച്ചക്കറികൾ പോലെയുള്ള അവശ്യവസ്തുക്കളുടെ ഉത്പാദനത്തിൽ നാം വളരെ പിന്നിലാണ്.  കേരളീയരുടെ അലസതയാണോ ഇതിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിപണിയിൽ ലഭ്യമാകുന്ന പച്ചക്കറികൾ എന്തുവില കൊടുത്തും വാങ്ങാൻ നമ്മൾ കേരളീയർ സന്നദ്ധരാണ്.  ആധുനിക ജീവിതത്തിൻ്റെ  തിരക്കിനിടയിൽ ലാഭേച്ഛ മാത്രം ലക്ഷ്യമാക്കി ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ, അതിൻ്റെ  ഗുണത്തെയും വിലയെയും പറ്റി ചിന്തിക്കാതെ നാം വാങ്ങി ഭക്ഷിക്കുന്നു. ശേഷം വെറുതെ പാഴാക്കുന്ന സമയത്തെക്കുറിച്ചു ചിന്തിക്കാതെ നമ്മുടെ തിരക്കിനെ ഉയർത്തിക്കാട്ടുന്നു. ഇവിടെയാണ്  കേരളത്തിലെ ജനങ്ങൾക്കു മാറ്റം വരേണ്ടത്.

നമുക്കു ഭക്ഷിക്കാനാവശ്യമായ പച്ചക്കറികളും കിഴങ്ങുവർഗ്ഗങ്ങളും പയർ വർഗ്ഗങ്ങളും എന്തുകൊണ്ട് വീട്ടിലെ കൃഷിസ്ഥല ത്ത്‌  ചുരുങ്ങിയ ചെലവിൽ ഉത്പാദിപ്പിച്ചുകൂടാ എന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അടുക്കളത്തോട്ടത്തിൻ്റെ  നേട്ടം / എങ്ങനെ തോട്ടം ഒരുക്കാം :-

  • നമ്മൾ ഉത്പാദിപ്പിച്ച വസ്തുക്കൾ വിശ്വാസത്തോടെ ഭക്ഷിക്കാനാവുമെന്ന  പ്രയോജനവും ഇതോടൊപ്പം  ലഭിക്കുന്നു.

ആവശ്യമുള്ള എല്ലാ ഭക്ഷ്യവസ്തുക്കളും വീട്ടിൽ ഉത്പാദിപ്പിക്കുന്നതിനും വീടിനു ചുറ്റും സാമാന്യം വിസ്തീർണ്ണത്തിൽ കൃഷിസ്ഥലം ആവശ്യമാണ്. അതിനാൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഫ്ളാറ്റുകൾ ഞെരുങ്ങി നിൽക്കുന്ന നഗരങ്ങളിൽ സ്വന്തം വീട്ടിലെ കൃഷി അത്രകണ്ടു പ്രായോഗികമല്ല. എന്നാൽ വീട്ടിൽ ഒരു ചെറിയ അടുക്കളത്തോട്ടം ഉണ്ടാക്കത്തക്കവിധത്തിൽ കേരളത്തിൽ സ്ഥലദൗർലഭ്യം തൽക്കാലമില്ല എന്നു കരുതാം. വീടു വെയ്ക്കാൻ മാത്രം സ്ഥലമുള്ളവർക്ക് വീടിൻ്റെ  മട്ടുപാവിൽ കൃഷിസ്ഥലം കണ്ടെത്താം. പക്ഷേ ഇതി നെല്ലാം വേണ്ടത്  അധ്വാന  മനോഭാവവും സമയ ക്രമീകരണവുമാണ്. ജോലിയുള്ളവരാണെങ്കിൽ രാവിലെ ജോലിക്കുപോകുന്നതിനു മുമ്പും വൈകിട്ട് ജോലി ക്കുശേഷവും സമയം കണ്ടെത്താവുന്നതാണ്. ജോലിയില്ലാത്തവർക്ക് അടുക്കളത്തോട്ടം ആദായത്തോടൊപ്പം വിനോദവും നൽകുന്നു. കുട്ടികളിൽ കൃഷിയെപ്പറ്റിയുള്ള താത്പര്യം വളർത്തിയെടുത്താൽ അവരെക്കൂടി അടുക്കളത്തോട്ടത്തിൻ്റെ പ്രവർത്തനത്തിൽ പങ്കാളിയാക്കാവുന്നതാണ്. അങ്ങനെ ഒരു കുടുംബത്തിലേക്കാവശ്യമുള്ള പച്ചക്കറികൾ അവിടെയുള്ള അംഗങ്ങളുടെ കൂട്ടായ പ്രവർത്തനം കൊണ്ടു് ഉത്പാദിക്കാം.

ഒരു ചെറിയ അടുക്കളത്തോട്ടം ഉണ്ടാക്കുന്നതു വഴി കൈവരിക്കുവാൻ സാധിക്കുന്ന സാമ്പത്തിക നേട്ടവും നാം കണക്കിലെടുക്കേണ്ടതാണ്. ഒരു കി.ഗ്രാം പച്ചക്കറിയുടെ വിലയ്ക്ക് 2-3 മാസത്തേക്ക് അത് സ്വന്തമായി കൃഷിചെയ്ത് ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് മനസ്സിലാക്കുക. സ്വന്തം ആവശ്യത്തിനു് 'സ്വന്തം തോട്ടത്തിൽ നിന്നുള്ള പച്ചക്കറികൾ' എന്ന സങ്കൽപവും സ്വപ്നവും ഏറ്റെടുത്താൽ നിസ്സാരമായി സാധിക്കാവുന്ന ഒരു കാര്യമാണിത്. സാധാരണയായി ഒരു വീടിൻ്റെ  അടുക്കള തെക്കു കിഴക്കു ഭാഗത്തായിട്ടാണ് വരുന്നത് . ഗൃഹത്തിനുചുറ്റും സ്ഥലമുണ്ട ങ്കിൽ അടുക്കളത്തോട്ടവും ഇതിനോടു ചേർന്നു് ക്രമീകരിക്കുന്നതാണ്  ഉത്തമം.

അടുക്കളത്തോട്ടത്തിൻ്റെ  വലിപ്പം നിർണ്ണയിക്കുന്നത് കുടുംബത്തിലെ അംഗങ്ങളുടെ എണ്ണവും സ്ഥലത്തിൻ്റെ  ലഭ്യതയും അനുസരിച്ചായിരിക്കണം.

ശുപാർശ ചെയ്തിട്ടുള്ള അളവിൽ പോഷകമൂലകൾ ലഭിക്കണമെങ്കിൽ ഒരാൾക്ക് അര സെന്റ് (20 ച. മി  ) എന്ന കണക്കിലെങ്കിലും സ്ഥലം ആവശ്യമാണ്. നല്ല നീർവാർച്ചയും വളക്കൂറുമുള്ള മണ്ണാണ്  പച്ചക്കറികൃഷിക്ക് ആവശ്യമുള്ളത്. മണൽ മണ്ണാണെങ്കിൽ ജൈവവളം കൂടുതലായി പ്രയോഗിക്കണം.

വെള്ളവും വെളിച്ചവും ധാരാളം കിട്ടുന്ന സ്ഥലമാണ് പച്ചക്കറിക്കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത് . എന്നാൽ നമ്മുടെ വീട്ടുവളപ്പിൽ തണലില്ലാത്ത സ്ഥലം ലഭിക്കുക ബുദ്ധിമുട്ടാണ്. അതിനാൽ ഏറ്റവും കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം പച്ചക്കറികൃഷിക്കായി തിരഞ്ഞെടുക്കണം. സൂര്യപ്രകാശം ധാരാളം ലഭിക്കുന്നത് സാധാരണയായി തെക്കുഭാഗത്തായിരിക്കും. ഒറ്റനിലക്കെട്ടിടത്തിൻ്റെ  വടക്കുഭാഗത്തുള്ള 2-2.25 മീറ്റർ സ്ഥലത്ത് അധിക സമയവും തണലായിരിക്കും  . അതുകൊണ്ട്  തെക്കുഭാഗത്തു പച്ചക്കറികൾ നടുന്നതാണ് അനുയോജ്യം.

കിണർ, കുളം എന്നിവയുടെ അടുത്തായി കൃഷി ചെയ്യുന്നതുകൊണ്ട് നനയ്ക്കാനുള്ള സൗകര്യം കൂടും. അലക്കുപൊടികൾ, സോപ്പ്  എന്നിവ കലർന്ന വെള്ളം മണ്ണിനും വിളകൾക്കും  നല്ലതല്ല. അതിനാൽ കാഠിന്യമുള്ള ഇത്തരം ജലം തോട്ടത്തിലേക്ക് ഒഴുക്കരുത്.

അടുക്കളത്തോട്ടത്തിൽ  എന്തൊക്കെ കൃഷിചെയ്യാം:-

 ദീർഘകാലം വിളവുതരുന്ന ഇനങ്ങൾക്ക് അടുക്കളത്തോട്ടത്തിൽ പ്രത്യേകയിടം കണ്ടെത്തണം .  മുരിങ്ങ, കറിവേപ്പ്, നാരകം, ഇരുമ്പൻ പുളി തുടങ്ങിയവ ഒരുഭാഗത്ത് വരത്തക്കവിധമാണു നടന്നത്. തണൽ ഒഴിവാക്കാനും മറ്റുവിളകളുടെ പരിണത്തിനു തടസ്സം വരാതിരിക്കാനുമായി പച്ചക്കറിത്തോട്ടത്തിൻ്റെ  വടക്കുഭാഗത്തായി ഇവ നട്ടുപിടിപ്പിക്കാം.

തണലിൽ വളരാൻ കഴിവുള്ള ഇഞ്ചി, മഞ്ഞൾ, മാങ്ങയിഞ്ചി, ചേന, ചേമ്പ്, മധുരക്കിഴങ്ങ് മുതലായവ മറ്റു വിളകളുടെ ഇടയിലായി കൃഷിചെയ്യാം.ഇവയ്ക്കിടയിൽ  നാടൻ മുളകിനങ്ങളായ കാന്താരി, പച്ചമുളക് മുതലായവ നട്ടാൽ വീട്ടാവശ്യത്തിനുള്ള മുളകും ലഭിക്കും. ബാക്കിയുള്ള സ്ഥലത്തു് ചെറിയ പ്ലോട്ടുകൾ തിരിച്ചു  പലതരം പച്ചക്കറികൾ വളർത്താം. നമ്മുടെ കാലാവസ്ഥയ്ക്കു യോജിച്ച പച്ചക്കറികൾ അതാതുകാലങ്ങളിൽ കൃഷിചെയ്യാൻ ശ്രദ്ധിക്കണം. വെണ്ട, പയറ്, മുളക്, വഴുതന എന്നിവ കാലവർഷ രംഭത്തിലും തക്കാളി, അമര, ചതുരപ്പയർ എന്നിവ മഞ്ഞുമാസങ്ങളിലുമാണ് കൃഷി ചെയ്യേണ്ടത്. പടവലം, മത്തൻ, കുമ്പളം, വെള്ളരി എന്നിവ വേനൽക്കാലവിളകളാണ്. അതിനാൽ അത്തരം വിളകൾ വേനലിൽ ജലസേചനത്തിൻ്റെ  അകമ്പടിയോടെ നടാം.

ഒരിക്കൽ നട്ടുപിടിപ്പിച്ചാൽ ദീർഘകാലം വിള വെടുക്കാവുന്ന ഇനങ്ങളാണു് വെണ്ട , വഴുതന , മുളക് എന്നിവ ഇവ വീട്ടുവളപ്പിൽ  ഏറെ അനുയോജ്യവുമാണ്.  മഴയ്ക്ക്  മുൻപായി ഏപ്രിൽ-മേയ് മാസത്തോടെ ഇവ നട്ടുവഉർത്തുവാൻ ശ്രദ്ധിക്കണം.

വേനൽക്കാലത്തു ചുവന്ന ചീരയും വർഷക്കാലത്ത് സി.ഒ 1  എന്ന പച്ചച്ചീരയും കൃഷി ചെയ്യാവുന്നതാണ്. ഇലപ്പൊട്ടുരോഗം ഒഴിവാക്കാൻ ഇതു സഹായിക്കും. ഒരു പ്ലോട്ടിൽ തന്നെ ഒരേ കുടുംബത്തിൽപ്പെട്ട പച്ചക്കറികൾ തുടർച്ചയായി കൃഷിചെയ്യരുത്.  ഉദാഹരണത്തിനു തക്കാളി, മുളക്, വഴുതന എന്നിവ കൃഷിചെയ്ത സ്ഥലത്ത് അടുത്ത തവണ ചീര, വെണ്ട വെള്ളരിവർഗ്ഗ വിളകൾ എന്നിവയിൽ ഏതെങ്കിലും നടണം. രോഗകീട വധ കുറക്കുവാൻ  ഈ സമ്പ്രദായം അനിവാര്യമാണ്. നല്ല വിളവുതരുന്ന  പച്ചകറിയിനങ്ങൾ നടാനായി തിരഞ്ഞെടുക്കണം.

തക്കാളി, മുളക്, വഴുതന എന്നിവ തൈകൾ പറിച്ചുനട്ട് കൃഷി ചെയ്യാവുന്നവയാണ്. തൈകളുണ്ടാകാനായി  മൺചട്ടികൾ ,  കടലാസ് പാത്രം, നീർവാർച്ച സൗകര്യ ബക്കറ്റുകൾ എന്നിവ ഉപയോഗിക്കാം. എങ്കിലും വെയിൽ ലഭിക്കുന്ന സ്ഥലത്ത് വിത്തുപാകുന്നതാണ്  ഏറ്റവും നല്ലത്. വെള്ളം കെട്ടിനിൽക്കാതിരിക്കാൻ പാകിയോ, പറിച്ചുനട്ടോ കൃഷിചെയ്യാം.

വെണ്ട, പയർ, വെള്ളരിവർഗ്ഗ വിളകൾ എന്നിവയെല്ലാം നേരിട്ടു വിത്തുപാകി കൃഷി ചെയ്യണം.

അടുക്കളത്തോട്ടം ആകർഷകമാക്കാൻ പച്ചക്കറികൊണ്ടുതന്നെ ഒരു വേലിയും ഉണ്ടാകാം. മധുരച്ചീര അഥവാ ചെക്കർമനിസ് വളരെ പോഷകഗുണമുള്ള ഇലക്കറിയാണ്. ഇതിൻ്റെ  ഒരടി നീളത്തിലും ഇടത്തരം മുപ്പത്തിയതുമായ കമ്പുകൾ 30 സെ.മി അകലത്തിൽ നാട്ടു വേലിയായി ഉപയോഗിക്കാം. അമര , നിത്യ വഴുതിന,കോവൽ , ചതുരപ്പയർ തുടങ്ങിയ വിളകൾ വേലിയിൽ പടർത്താവുന്നതാണ്. 

അടുക്കളത്തോട്ടത്തിൽ  ജൈവ കൃഷിയുടെ പ്രാധാന്യം:- 

  വീട്ടാവശ്യത്തിനു കൃഷിചെയ്യുമ്പോൾ കഴിയുന്നതും  ജൈവവളം ഉപയോഗിക്കുന്നതാണുത്തമം. ചാണകം, കോഴിവളം, ആട്ടിൻകാഷ്ഠം, പിണ്ണാക്ക് എന്നിവ ലഭ്യതയനുസരിച്ച് ഉപയോഗിക്കാം.

ചാണകപ്പൊടി സെന്റൊന്നിന് 100 കി.ഗാം എന്ന തോതിൽ മണ്ണുമായി ചേർത്തിളക്കണം. വീട്ടുവളപ്പിൻ്റെ  അതിർത്തിയിൽ ശീമക്കൊന്ന നട്ടാൽ ആവശ്യത്തിനു പച്ചില ലഭിക്കും. ഇതുപയോഗിച്ച് പച്ചിലവളം ലഭ്യമാക്കാം. തോട്ടത്തിൻ്റെ  ഒരു മൂലയിലായി ഒരു വളക്കുഴി ഉണ്ടാക്കി അടുക്കളയിലെ അവശിഷ്ടങ്ങളും മറ്റും ഈ കുഴിയിലിട്ട് അതിനുമീതെ ചാണകം വിതറിയാൽ കമ്പോസ്റ്റ് ലഭിക്കും.

വേനൽക്കാലത്ത് ചെടികൾ നനയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെടികൾക്കിടയിൽ ഉന്നങ്ങിയ ഇലകളോ, വൈക്കോലോ ഉപയോഗിച്ചു പുതയിടുന്നതു് മണ്ണിൽ ജലാംശം നിലനിർത്തുവാൻ സഹായിക്കും. അടുക്കളത്തോട്ടത്തിൽ രാസകീടനാശിനികളുടെയും കുമിൾനാശിനികളുടെയും ഉപയോഗം കഴിയുന്നതും കുറയ്ക്കണം. മിക്ക കീടങ്ങളെയും കൈകൊണ്ടു തന്നെ നശിപ്പിക്കാവുന്നതാണ്. അല്ലെങ്കിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന പുകയിലക്കഷായമോ വെളുത്തുള്ളി മിശ്രിതമോ ഉപയോഗിക്കാം. സ്ഥലസൗകര്യമില്ലാത്ത വീടുകളിൽ നന്നായി വെയിൽ ലഭിക്കുന്ന ടെറസ്സിൻ്റെ  മുകൾഭാഗം പച്ചക്കറികൃഷിക്കായി ഉപയോഗിക്കാം. മണ്ണും മണലും ചാണകവും നിറച്ച ചട്ടികളും ചാക്കുകളും ഇതിനായി ഉപയോഗിക്കാം. കളപറിക്കൽ, ഇടയിളക്കൽ, വളപ്രയോഗം, മണ്ണു കയറ്റൽ, വിളവെടുപ്പ് തുടങ്ങിയവ യഥാസമയങ്ങളിൽ നടത്തണം.

ജൈവ കൃഷി നിങ്ങളുടെ ജീവിതചര്യയായി മാറുവാൻ കഴിയുമാറാകട്ടെ. ഫാമിയോക്കാർട്ട്.കോം ജെ സി ഐ സോൺ XIX ,  എന്നിവർ സംയുക്തമായി കണ്ണൂർ, കാസർഗോഡ്, വയനാട് , മാഹി ജില്ലകളിലുള്ള കുടുംബങ്ങൾക്കായി അടുക്കളത്തോട്ട മത്സരം വഴി  കുടുംബാംഗങ്ങളുടെ വീടുകളിലേക്കുള്ള ജൈവ പച്ചക്കറികളുടെ ഉത്പ്പാദനവും കൃഷിരീതികൾ പഠിക്കുവാനും കൂടുതൽ മനസ്സിലാക്കാനും ഉള്ള അവസരം സജൈവം പദ്ധതി വഴി ഒരുക്കിയിരുന്നു.

അടുക്കളത്തോട്ടം നിർമ്മാണത്തിനും സംശയനിവാരണത്തിനും ഞങ്ങളുമായി  ബന്ധപ്പെടാം . 

Share

Open your shop in our website! Join Now