കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ, famiyocart.com എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ ദീപാവലി ദിവസത്തിൽ ദയാനന്ദ ഫലവൃക്ഷഉദ്യാനപദ്ധതി ഡോക്ടർ തമ്പുരാൻ ഉദ്ഘാടനം ചെയ്തു. നിസ്സഹായതയുടെ ചതുപ്പുനിലങ്ങളിൽ വീണു പോകുന്നതിൽ നിന്നും ഭാരതത്തെ രക്ഷിച്ച സ്വാമി ദയാനന്ദൻറെ സ്മരണ നിലനിർത്തുന്നതിന് വേണ്ടിയാണ് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ഇത്തരത്തിൽ ഒരു പദ്ധതി ആസൂത്രണം ചെയ്തത്. അമ്പതോളം വീടുകളിൽ റെഡ് ലേഡി പപ്പായ ചെടികൾ നൽകിക്കൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്തു. തികച്ചും വ്യത്യസ്തമായി വീടുകളിൽ സന്ദർശിച്ച് ചെടികൾ കുഴിയെടുത്ത് തൈകൾ നട്ടു കൊടുത്തുകൊണ്ട് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ പ്രവർത്തകർ ജനങ്ങളുടെ അംഗീകാരം പിടിച്ചുപറ്റി.
നാമിന്ന് വിഷമയമായ അന്നം കഴിക്കാൻ നിർബന്ധിതരായിരിക്കുന്ന അവസ്ഥയിൽ ആണുള്ളത്. എന്നാൽ നമ്മുടെ പ്രാചീന ഗ്രന്ഥങ്ങളായ വേദങ്ങളിൽ പറഞ്ഞിരിക്കുന്നത് കൃഷിയെ കവിതയായും കൃഷിക്കാരനെ കവിയായും കാണണം എന്നാണ്. വേദങ്ങളിലെ ഈ ആശയങ്ങളെ ജനങ്ങൾക്ക് പകർന്നുനൽകിയ ഗുരുനാഥനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപകനുമായ ആചാര്യ ശ്രീ രാജേഷ് പഠിപ്പിക്കുന്നത് വേദങ്ങളിലെ അന്ന സങ്കൽപത്തെ ജീവിതത്തിൽ കൊണ്ടുവരാനാണ്. ഈ കാഴ്ചപ്പാടിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് ഇത്തരമൊരു ഉദ്യമത്തിന് ആയി കാശ്യപ വേദ ഫൗണ്ടേഷൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. തികച്ചും പുരോഗമനപരമായ ഈ പ്രവർത്തനത്തിന് ഇന്ന് കർഷകരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംരംഭമായ famiyocart.com . സഹകരിച്ചു മുന്നോട്ടുവന്നു .
പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അസാമാന്യ വേദ പണ്ഡിതനും സാമൂഹിക പരിഷ്കർത്താവുമായ മഹർഷി ദയാനന്ദസരസ്വതി യുടെ കാഴ്ചപ്പാട്, ദാരിദ്ര്യം ,ജാതീയത, അന്ധവിശ്വാസങ്ങൾ ,തുടങ്ങി ഭാരത സമൂഹം ഇന്ന് അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം വേദങ്ങളിലെ അറിവിനെ കൈവിട്ടത് ആയിരുന്നു എന്നതായിരുന്നു. അതിനാൽ വേദങ്ങളിലേക്ക് മടങ്ങുക എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഒരിക്കലും മരിക്കാത്ത ആദർശങ്ങളെ ഭാരത സമൂഹത്തിലേക്ക് പകർന്നു നൽകിക്കൊണ്ട് ആ മഹാത്മാവ് 1883 ദീപാവലി ദിനത്തിൽ ജീവത്യാഗം ചെയ്തു . ഈ ദിവസം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ പദ്ധതി ഉദ്ഘാടനം ചെയ്യാനായി തെരഞ്ഞെടുത്തതും famiyocart.com പ്രവർത്തകരുടെ സഹകരണവും പദ്ധതിയെ കൂടുതൽ ആകർഷകമാക്കി.